കാലം നല്കുന്ന മുറിവുകൾ, എത്ര വേദന നിറഞ്ഞതാണെങ്കിലും, നാം നമ്മിലേക്കു തന്നെ ഒതുക്കി വെയ്ക്കും...!!
സ്നേഹം നല്കാതെ അകന്നു പോയ അമ്മയും..പിതൃത്വം എന്ന
വാക്ക് അർത്ഥശൂന്യമാക്കിയ അച്ഛനും പ്രണയം നടിച്ച പ്രണയിനിയും, തന്നെ നോക്കി ആർത്തു ചിരിച്ച സമൂഹവുമെല്ലാം അയാളെ മുറിവേൽപ്പിച്ച യാഥാർഥ്യങ്ങളായിരുന്നു...
മായ്ച്ചു കളഞ്ഞൊരു ഭൂതകാലമായിരുന്നു അത്. വിരഹവും വേദനയുമില്ലാതെ ജീവിത നൗക തുഴയുവാൻ പക്ഷെ പിന്നെയും പരാജയങ്ങൾ ഒരുപാട് അയാൾക്കു നേരിടേണ്ടി വന്നു.
പ്രിയയുടെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്.
"പ്രിയ", ജീവിതം എന്തെന്നറിയും മുന്നെ, തന്നെയും മകളെയും തനിച്ചാക്കി നിറങ്ങൾ നഷ്ടപ്പെട്ട ലോകത്തേയ്ക്ക് യാത്രയായ തന്റെ ജീവിത സഖി.
ചിന്തകളിൽ നിന്നുണർന്നത് ആ ചോദ്യം കേട്ടാണ്. "എന്തിനാ അച്ഛാ നമ്മളിവിടെ വന്നിരിക്കണേ " ? റീജിയണൽ കാൻസർ സെൻറ്ററിന്റെ വരാന്തയിൽ ബയോപ്സി റിസൾട്ട് കാത്തിരിക്കുകയാണെന്നു പറഞ്ഞാൽ ഒരുപക്ഷെ ആ നാലു വയസ്സുകാരിയ്ക്ക് മനസ്സിലാവില്ല ! "അച്ഛന് കാൻസർ ഉണ്ടോന്നു അറിയാനാ നമ്മളിവിടെ വന്നതെന്നു പറഞ്ഞാൽ ചിലപ്പോൾ അവൾ മനസ്സിലാക്കും, "അമ്മയ്ക്കുണ്ടായിരുന്ന അസുഖം " പക്ഷെ അയാൾ ഒന്നും പറഞ്ഞില്ല.
അയാൾ അപ്പോൾ മനസ്സിൽ പ്രിയ മൂന്നു വർഷങ്ങൾക്കു മുൻപ് പറഞ്ഞതോർക്കുകയായിരുന്നു.
"കാൻസർ എന്ന മഹാരോഗത്തിന് ഇത്രത്തോളം വേദനയുണ്ടെന്ന് ഞാനറിഞ്ഞില്ല. സത്യത്തിൽ പ്രിയപ്പെട്ടവരെ പിരിയേണ്ടി വരുമെന്ന വാസ്തവമാണ് കാൻസറിന്റെ സഹിക്കാനാവാത്ത വേദന.
പക്ഷെ അന്നവൾക്ക് ഈ വാക്കുകൾ കരഞ്ഞു കൊണ്ടു പറഞ്ഞ് കുഞ്ഞിനെ എല്പ്പിക്കാൻ എന്റെ കൈകളുണ്ടായിരുന്നു. പക്ഷെ ഇന്നെനിയ്ക്കോ ? അയാൾ മകളെ ചേർത്തു പിടിച്ചു.
പേരറിയാത്ത ഒരുപാടു ടെസ്റ്റുകൾക്കു വിധേയമായി, എല്ലു നുറുങ്ങുന്ന വേദന സഹിച്ചപ്പോഴും അയാൾ പക്ഷെ കരഞ്ഞില്ല. പ്രിയ മരിച്ച ദിവസം പ്രതിജ്ഞ എടുത്തതാണ്. വേദനിപ്പിക്കാനായി മാത്രം ജീവിപ്പിക്കുന്ന ദൈവത്തിനു മുന്നിൽ ഇനി കരയില്ലെന്ന് !
നഴ്സിന്റെ അടുത്ത വിളി അയാൾക്ക് ഉള്ളതായിരുന്നു. മകളെയും കൂട്ടി അയാൾ ഡോക്ടറുടെ മുറിയിലേക്കു നടന്നു.
" വരൂ... ഇനിയെനിക്ക് റിസൾട്ട് സന്തോഷത്തോടെ പറയാം...നിങ്ങൾക്ക് കാൻസർ ഇല്ല ! ഒരുപാടു വേദന തന്നു, ശരീരത്തിനും മനസ്സിനും ല്ലേ ? ഇതൊക്കെ ഈശ്വരനിശ്ചയമായിരുന്നിരിക്കാം. ഇനി ഇവിടേയ്ക്കു വരാനുള്ള നിർഭാഗ്യം ഉണ്ടാവാതിരിക്കട്ടെ "
ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ അയാൾക്ക് കരയാതിരിക്കാനായില്ല....ശേഷം ദീർഘമായി ഒന്നു നിശ്വസിച്ചു. ജീവൻ തിരിച്ചു കിട്ടിയതിന്റെ നിശ്വാസം..ലോകം കീഴടക്കിയ സന്തോഷം..
മുറിയിൽ നിന്നു പുറത്തു കടന്നപ്പോൾ തന്നെ നോക്കി പുഞ്ചിരിക്കുന്ന ഒരു പരിചിത മുഖം. മുടിയും പുരികവുമെല്ലാം റേഡിയേഷൻ കൊഴിച്ചു കളഞ്ഞെങ്കിലും പ്രണയം നടിച്ച പ്രണയിനിയെ അയാൾ തിരിച്ചറിഞ്ഞു.
"സ്വാതി"
"എന്താ ഇവിടെ" എന്ന ചോദ്യം പ്രസക്തമായിരുന്നില്ല. മരണത്തോട് മല്ലിടുന്നവർ മാത്രമേ ആ നാലു ചുവരുകൾക്കുള്ളിൽ തെല്ല് ആശ്വാസം തേടി വരാറുള്ളൂ..അവളടക്കം.
"തന്റെ ഭാര്യ ?" സ്വാതി മകളെ നോക്കികൊണ്ട് ചോദിച്ചു.
"നിന്റെ അസുഖം തന്നെ ആയിരുന്നു അവൾക്കും, പക്ഷെ മരണത്തിനു പെട്ടെന്നു പിടി കൊടുത്തു. മൂന്നു വർഷമായി മരിച്ചിട്ട് ! "
"നിന്റെ ഭർത്താവ് ?"
ഉത്തരത്തിനായി പരതുന്ന അവളുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി ഓർക്കാനിഷ്ടപ്പെടാത്ത ഒന്നാണ് അതെന്ന്.
"ഈ അസുഖം എനിക്കു സമ്മാനിച്ചത് ഒരു തിരിച്ചറിവു കൂടിയായിരുന്നു. ഈ ഭൂമിയിൽ നിങ്ങൾ സ്നേഹിച്ച പോലെ വേറാരും എന്നെ സ്നേഹിച്ചിട്ടില്ലെന്ന് ! പിടയുന്ന വേദനയ്ക്കിടയിലും എന്നെ ചേർത്തു പിടിക്കേണ്ട ആൾ ഡിവോഴ്സ് എന്ന സഹിക്കാനാവാത്ത വേദന കൂടി സമ്മാനിച്ചു."
കുറെ വർഷങ്ങൾക്കപ്പുറം പ്രണയനഷ്ടമെന്തെന്നറിയിച്ച അതേ ശബ്ദം. പക്ഷെ ഇന്ന് ഒരു മാപ്പു പറച്ചിലിനുമുപരി നേരിയ ഒരു പ്രതീക്ഷയുടെ കണികയാണ് അവിടെ നിഴലിച്ചത്
.
"എല്ലാം നിങ്ങളോട് ചെയ്തതിന് ഈശ്വരൻ തന്നതാവും..അങ്ങനെ തന്നെ ഞാൻ വിശ്വസിക്കുന്നു. "
"അതിനു പക്ഷെ, ഒരിക്കലും മനസ്സുകൊണ്ടു പോലും ശപിച്ചിട്ടില്ല സ്വാതി "
തന്റെ വാക്കുകൾ ആ മുഖത്തുണ്ടാക്കിയ ഭാവ മാറ്റം അയാൾ ശ്രദ്ധിച്ചു. കണ്ണുകളിൽ ഒരു നേരിയ തിളക്കം.
"അപ്പോൾ എന്നോടിപ്പോഴും ആ സ്നേഹം ?"
അയാൾ ഒന്നു മന്ദഹസിച്ചു
"നമുക്കിനിയും കാണാം " ഇത്ര മാത്രം പറഞ്ഞ് അയാൾ തിരിഞ്ഞു നടന്നു. തന്റെ മകൾ സ്വാതിയെ തിരിഞ്ഞു നോക്കുന്നത് അപ്പോഴാണ് അയാൾ കണ്ടത്. അവർ പരസ്പരം പുഞ്ചിരി കൈമാറി.
വിധി നല്കിയ കടുത്ത വേദനകൾക്ക്, കാലം തന്നെ മരുന്നും കരുതി വെച്ചിട്ടുണ്ടാവും. ഒരു നിമിത്തമായി കാൻസറും !!